Tuesday, 11 August 2026

അന്ന

 

അന്ന

എന്തോ എഴുതണമെന്നോർത്ത് വർഷങ്ങൾക്കിപ്പുറം ഞാനൊരു പേനയും ബുക്കും കൈയിലെടുത്തു.

ഡിജിറ്റൽ ജീവിതത്തിൽ ജീവിക്കാൻ തുടങ്ങിയതോടെ പേനയും പേപ്പറും എന്റെ ജീവിതത്തിൽ നിന്ന് പതിയെ പിൻവാങ്ങിയിരിക്കുന്നു. അവശേഷിച്ചത് ടുഡൂ ലിസ്റ്റുകൾ മാത്രം. ചെയ്തുതീർക്കാനുള്ള കാര്യങ്ങൾ ഇംഗ്ലീഷിൽ എഴുതിവെക്കും. ചെയ്തുകഴിഞ്ഞാൽ അതിന് മുന്നിൽ ഒരു ടിക്ക്. ചെയ്യാനാകാത്തത് ഒരു ക്രോസ്. അത്രേയുള്ളൂ. പേനയുമായുള്ള എന്റെ ബന്ധം അത്രത്തോളം ചുരുങ്ങിയിരുന്നു. ഇംഗ്ലീഷിലെ ടാസ്കുകൾ എഴുതിയെഴുതി കൈ തഴക്കവും പഴക്കവും വന്നു. പക്ഷേ, മലയാളത്തിന്റെ വടിവൊത്ത, ഉരുണ്ട അക്ഷരങ്ങൾ എപ്പോഴാണ് എന്റെ കൈവിരലുകൾക്ക് അന്യമായതെന്ന് എനിക്കറിയില്ല. അവ എന്നെ മറന്നതാണോ, അതോ ഞാൻ അവയെ മറന്നതാണോ—അറിയില്ല.

അന്ന.

എന്റെ പേര്.

അത് എഴുതിത്തുടങ്ങുമ്പോൾ എന്റെ കൈയൊന്ന് വിറച്ചു. ആ വിറയലിനൊപ്പം വർഷങ്ങൾക്കുമുമ്പുള്ള ഒരു വേനൽക്കാലദിവസം പെട്ടെന്ന് ഓർമ്മയിൽ തെളിഞ്ഞു.

വേനലവധിക്കുശേഷം സ്കൂൾ തുറന്ന ദിവസം.

പുതിയ പുസ്തകങ്ങൾ, പുതിയ ഉടുപ്പ്, വീട്ടിൽ നിന്ന് വഴക്കിട്ട് വാങ്ങിച്ച പുതിയ ബാഗ്—അങ്ങനെ സന്തോഷത്തോടെ രണ്ടാം ക്ലാസ്സിൽ പോയ ഒരു ദിവസം. പുതിയ അധ്യയനവർഷത്തിന്റെ ആദ്യ ദിവസങ്ങളിലൊന്നിൽ ടീച്ചർ എല്ലാവരോടുമായി പറഞ്ഞു: “ഓരോരുത്തരും വന്ന് സ്വന്തം പേര് ബോർഡിൽ എഴുതണം. മലയാളത്തിൽ മതി.” ക്ലാസ്സിൽ ചെറിയൊരു ചലനം. കുട്ടികൾ ചിരിച്ചും കളിച്ചും സന്തോഷത്തോടെ എഴുന്നേൽക്കാൻ തുടങ്ങി. പക്ഷേ, എന്റെ കണ്ണിൽ ഇരുട്ട് കയറി. എന്റെ ചിരിയും കളിയും പോയി. നെഞ്ചിന് മുകളിൽ ആരോ ഒരു വലിയ കല്ലെടുത്തുവെച്ചതുപോലെ.

അന്ന - എന്റെ പേര്.

മലയാളത്തിലായാലും ഇംഗ്ലീഷിലായാലും ‘അന്ന’ എന്ന പേരായതുകൊണ്ട് ആദ്യം വിളി മിക്കവാറും എനിക്കായിരിക്കും. സത്യമായും അതുതന്നെ സംഭവിച്ചു.

“അന്ന!”

ടീച്ചർ എന്നെ നോക്കി ചോക്ക് നീട്ടി. ഞാൻ അത് വാങ്ങി ബോർഡിന്റെ മുന്നിലേക്ക് നടന്നു. ചോക്ക് പിടിച്ച കൈ ബോർഡിന് മുന്നിൽ നിശ്ചലമായി. എത്ര നേരം അവിടെ നിന്നെന്ന് അറിയില്ല. കണ്ണുകൾ നിറഞ്ഞു. എനിക്ക് എന്റെ പേര് അറിയാം. പക്ഷേ എഴുതാൻ പറ്റുന്നില്ല. ‘അ’ എങ്ങനെയായിരുന്നു?അത് എവിടെ കയറി, എവിടെ ഇറങ്ങി? എവിടെയായിരുന്നു അതിന്റെ വളവ്?

ഒന്നും ഓർമ്മയില്ല.

ഇതൊക്കെ ചിന്തിച്ചുകൊണ്ട് ഞാൻ ബോർഡിന്റെ മുന്നിൽ തന്നെ നിന്നു. ഒരാളൊരാളായി വന്ന് പേരെഴുതി മടങ്ങി. നോക്കി പകർത്തിയെഴുതാമെന്ന് തോന്നി. പക്ഷേ, നോക്കി പകർത്തിയെഴുതാൻ പോലും കഴിവില്ലായിരുന്നു. തല ഉയർത്തി മറ്റുള്ളവർ എഴുതിയ പേരുകളിലേക്ക് നോക്കാൻ പോലും എനിക്ക് കഴിഞ്ഞില്ല.

ഞാൻ അവിടെത്തന്നെ നിന്നു. എത്ര നേരം നിന്നുവെന്ന് ഇന്നും ഓർമ്മയില്ല. പക്ഷേ, ആ ദിവസത്തെ ഒരു കാര്യം മാത്രം എനിക്ക് വ്യക്തമായി ഓർമ്മയുണ്ട്.

അന്ന് ഞാൻ തീരുമാനിച്ചു—

മലയാളം ഞാൻ പഠിക്കും. ഈ വടിവൊത്ത, ഉരുണ്ട അക്ഷരങ്ങളോട് ഞാൻ കൂട്ടുകൂടും.

കാരണം, എന്റെ ഹൃദയവിചാരങ്ങൾ കോരിയിടാൻ ഇതിലും നല്ലൊരു ഭാഷ എനിക്കില്ല.